കോഴിക്കോട് : മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈനും നവകേരള സദസിൽ. കോഴിക്കോട് ഓമശ്ശേരിയിലെ പ്രഭാത യോഗത്തിൽ യു.കെ ഹുസൈൻ പങ്കെടുത്തിരുന്നു. സംഭവം പുറത്തുവന്നതോടെ ഹുസൈനോട് പാർട്ടി വിശദീകരണം തേടിയേക്കുമെന്നാണ് റിപ്പോർട്ട്. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, ലീഗ് നേതാക്കൾ നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുത്തതായി പുറത്ത് വന്നിരുന്നു.
കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോൺഗ്രസ് നേതാവായ എൻ. അബൂബക്കർ, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി, മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈൻ എന്നിവരാണ് ഓമശ്ശേരിയിൽ യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ് പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റ് കൂടിയാണ് എൻ. അബൂബക്കർ. ലീഗ് പ്രാദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡണ്ടുമാണ് മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടുത്താനാണ് യോഗത്തിനെത്തിയതെന്ന് മൊയ്തു പ്രതികരിച്ചു.