മസ്കറ്റ് : ജർമ്മൻ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ തിങ്കളാഴ്ച ഒമാനിലെത്തും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ മസ്കറ്റിൽ എത്തുന്നത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സാധ്യതകളെപ്പറ്റി ചർച്ചകൾ നടത്തും. നിലവിലെ പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം നവംബർ 29 ന് അദ്ദേഹം ജർമനിക്ക് മടങ്ങും. 2017 ഫെബ്രുവരി 12 ന് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട ഫ്രാങ്ക് – വാൾട്ടർ സ്റ്റെയിൻമിയർ 2022 ഫെബ്രുവരി 13 ന് വീണ്ടും ജർമ്മൻ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ജർമ്മൻ പ്രസിഡൻറിൻറെ കാലാവധി അഞ്ച് വർഷമാണ്. 2022 മാർച്ച് 19ന് ആരംഭിച്ച ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിന്റെ രണ്ടാമത്തെ അഞ്ച് വർഷത്തെ കാലാവധിയാണ് അദ്ദേഹം ഇപ്പോൾ തുടർന്ന് വരുന്നത്. 2022 ജൂലൈ 13ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് ജർമ്മനി സന്ദർശിച്ചിരുന്നു.