തെഹ്റാൻ : കൊലപാതക കേസില്‍ പ്രതിയായ 17കാരന്റെ വധശിക്ഷ നടപ്പാക്കി ഇറാന്‍. റസാവി ഖൊറാസന്‍ പ്രവിശ്യയിലെ കിഴക്കന്‍ പട്ടണമായ സബ്‌സേവാറിലെ ജയിലില്‍ വെള്ളിയാഴ്ചയാണ് 17കാരനായ ഹമിദ്രേസ അസരിയെ തൂക്കിലേറ്റിയതെന്ന് നോര്‍വേ ആസ്ഥാനമായുള്ള ഹെന്‍ഗാവ്, ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ഐഎച്ച്ആര്‍) എന്നീ സംഘടനകള്‍ പ്രസ്താവനയിലൂടെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പേർഷ്യൻ ഭാഷയിലുള്ള സാറ്റലൈറ്റ് ടിവി ചാനലായ ‘ഇറാൻ ഇന്‍റർനാഷനലും’ വധശിക്ഷ റിപ്പോർട്ട് ചെയ്തു. കുടുംബത്തിലെ ഏക കുട്ടിയായ അസരി സ്‌ക്രാപ്പ് വര്‍ക്കറായി ജോലി ചെയ്ത് തുടങ്ങിയിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കൊലപാതകം നടക്കുമ്പോള്‍ 16 വയസ്സായിരുന്നു അസരിക്ക് പ്രായം. 17-ാം വയസ്സില്‍ തൂക്കിലേറ്റി. ഈ വര്‍ഷം മേയില്‍ വഴക്കിനിടെ ഒരാളെ കൊലപ്പെടുത്തിയതിനാണ് അസരിയെ വധശിക്ഷക്ക് വിധിച്ചത്.