ഹൈദരാബാദ് : തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് വീണ്ടും അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. കോൺഗ്രസ് വെറുതെ ബഹളം വെക്കുകയാണെന്നും അല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു കെ.സി ആർ. “ദയവായി കോൺഗ്രസിന്‍റെ 50 വർഷത്തെ ഭരണം കൊണ്ട് ഉണ്ടായ ക്ഷേമത്തെ ബി.ആർ.എസിന്റെ 10 വർഷത്തെ ഭരണവുമായി താരതമ്യം ചെയ്യുക. കോൺഗ്രസ് ഭരണത്തിൽ പെൻഷൻ പ്രതിമാസം 200 രൂപ മാത്രമായിരുന്നു. ബി.ആർ.എസാണ് 2000 രൂപയായി ഉയർത്തിയത്. ക്രമേണ അത് 5000 രൂപയായി ഉയർത്താൻ പോകുകയാണ്. കർഷകർക്കുള്ള ഋതു ബന്ധു നിക്ഷേപ പിന്തുണാ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായം നിലവിലുള്ള 10000 രൂപയിൽ നിന്ന് ക്രമേണ 16000 രൂപയായി ഉയർത്തും”- അദ്ദേഹം പറഞ്ഞു.
വിവിധ പദ്ധതികൾക്കുള്ള ധനസഹായം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സമ്മതമില്ലാതെയാണ് കോൺഗ്രസ് ഹൈദരാബാദിനെ ആന്ധ്രാപ്രദേശിനോട് ലയിപ്പിച്ചതെന്നും ആ നീക്കത്തിൽ 58 വർഷമാണ് ജനങ്ങൾ ബുദ്ധിമുട്ടനുഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കർഷകരിൽ നിന്ന് ജലസേചന ചാർജുകൾ ഈടാക്കാത്ത ഏക സംസ്ഥാനമാണ് തെലങ്കാനയെന്നും കർഷകർക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി നൽകുന്നുണ്ടെന്നും കെ.സി.ആർ പറഞ്ഞു.