സിൽക്യാരയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ സർവമാർഗവും ഉപയോഗിച്ചു രക്ഷാദൗത്യ സംഘത്തിന്റെ തീവ്രശ്രമം. അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴൽ കടത്തിവിടുന്നതിനുപുറമേ മലമുകളിൽനിന്നു താഴേക്കുള്ള കുഴിക്കലും ആരംഭിച്ചു. ഇന്നലെ 22 മീറ്റർ താഴേക്കു കുഴിച്ചു. 90 മീറ്റർ താഴെയുള്ള തുരങ്കത്തിലെത്താൻ 100 മണിക്കൂറെടുക്കുമെന്നു (4 ദിവസം) ദൗത്യസംഘം അറിയിച്ചു. മലയിൽ കാര്യമായ പാറകളില്ലെങ്കിൽ ബുധനാഴ്ച രാത്രിയോടെ തുരങ്കത്തിലെത്താം.
അതേസമയം, തുരങ്കത്തിനുള്ളിൽ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴൽ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. കുഴലിനുള്ളിൽ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം അറുത്തുമാറ്റിയ ശേഷം പുറത്തു നിന്നുള്ള യന്ത്രത്തിന്റെ മർദത്തിൽ കുഴൽ അകത്തേക്കു തള്ളാനുള്ള ശ്രമമാണു നടക്കുന്നത്. തടസ്സമില്ലാതെ ഇതു നടന്നാൽ ഇന്നു രാത്രിയോടെ കുഴൽ തൊഴിലാളികളിലേക്കെത്തിക്കാമെന്നാണു പ്രതീക്ഷ.
ഇതിനിടെ, ദൗത്യത്തിന്റെ ഭാഗമാകാൻ കരസേനയുടെ കീഴിലുള്ള മദ്രാസ് എൻജിനീയർ ഗ്രൂപ്പും സ്ഥലത്തെത്തി. മലയാളികളും അടങ്ങിയ സംഘമാണിത്. തൊഴിലാളികളെ നിരീക്ഷിക്കുന്ന ക്യാമറ സാങ്കേതികത്തകരാർ മൂലം ഇന്നലെ തടസ്സപ്പെട്ടു. ഇതിനിടെ, ഇന്ന് ഇവിടെ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പു പ്രവചിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായാൽ രക്ഷാദൗത്യം കൂടുതൽ ദുഷ്കരമാകും.