മലപ്പുറം: നവകേരള സദസ്സിൽ കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ വാദം വിചിത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുസാറ്റ് ദുരന്തത്തിന്റെ സാഹചര്യത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് നവകേരള സദസ് പര്യടനം തുടരുന്നത്. കൊടുവള്ളിയിലെ നവകരള സദസിൽ പങ്കെടുത്തതിന് പ്രാദേശിക നേതാക്കളെ കോൺഗ്രസും മുസ്ലിം ലീഗും സസ്പെൻഡ് ചെയ്തു.
മുക്കത്തും കൊടുവള്ളിയിലും കുന്ദമംഗലത്തും അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്രത്തെയും ധനമന്ത്രി നിർമ്മലാ സീതാരാമനേയും മുഖ്യമന്ത്രി വിമർശിച്ചത്. ഔദാര്യമല്ല, അർഹതപ്പെട്ട തുകയാണ് ചോദിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, 579 കോടി കുടിശികയുണ്ടെന്നും മുഖ്യമന്ത്രി കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടി. സംസ്ഥാനം 64 ലക്ഷം പേർക്ക് പെൻഷൻ നൽകുമ്പോൾ കേന്ദ്ര സഹായം 6,58,000 പേർക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്ന് ഒൻപത് മണിക്ക് തിരൂർ ബിയാൻകോ കാസിലിൽ നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കമാവുക. പ്രഭാത സദസ്സിന് ശേഷം മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി, 11 മണിയോടെ ജില്ലയിലെ ആദ്യ നവകേരള സദസിനായി പൊന്നാനിയിലേക്ക് തിരിക്കും.
വൈകീട്ട് മൂന്നിന് തവനൂർ, 4.30 ന് തിരൂർ, ആറിന് താനൂർ എന്നിങ്ങനെയാണ് നവകേരള സദസ്സിന്റെ സമയക്രമം. 16മണ്ഡലങ്ങളിലെ പരിപാടികൾക്കായി ഈ മാസം 30 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടാവും. യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.