2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലിന് ലഭിച്ചു. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 6 പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ നോവൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 46കാരനായ പോൾ ലിഞ്ചിന്റെ അഞ്ചാമത്തെ കൃതിയാണ് ‘പ്രോഫറ്റ് സോങ്’. ബുക്കർ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്. രാജ്യം സമഗ്രാധിപത്യത്തിലേക്കും കലാപങ്ങളിലേക്കും കൂപ്പുകുത്തുമ്പോൾ ഒരു കുടംബം നേരിടുന്ന പ്രശ്നങ്ങളാണ് നോവലിന്റെ ഇതിവൃത്തം. വികാരനിർഭരമായ കഥപറച്ചിലും ശക്തമായ ഭാഷയുമാണ് ലിഞ്ചിനെ പുരസ്കാരത്തിനർഹനാക്കിയത്. സിറിയൻ യുദ്ധവും അഭയാർഥി പ്രശ്നവുമാണ് എഴുത്തിന് പ്രേരണയായതെന്ന് പോൾ ലിഞ്ച് പറഞ്ഞു.
തന്റെ രാജ്യത്തേക്ക് പുരസ്കാരം തിരികെ കൊണ്ടുവരാൻ കഴിഞ്ഞത് അഭിമാനം. ഡബ്ലിനിൽ ഉണ്ടായ കലാപങ്ങൾ ആശങ്കയും അമ്പരപ്പും ഉണ്ടാക്കി. എന്നാൽ ഈ അടുത്ത കാലത്തുണ്ടായ ആഭ്യന്തര കലാപവുമായി നോവലിന് ബന്ധമില്ല. 18 മാസം മുൻപ് പുസ്തകം എഴുതിതീർത്തതാണെന്നും പോൾ ലിഞ്ച് പറഞ്ഞു.
ഐറിസ് മർഡോക്ക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എൻറൈറ്റ് എന്നിവർക്ക് ശേഷം ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്. റെഡ് സ്കൈ ഇൻ മോർണിംഗ്, ദ ബ്ലാക്ക് സ്നോ, ഗ്രേസ്, ബിയോണ്ട് ദ സീ, എന്നിവയാണ് ലൈക്കിന്റെ മറ്റ് നോവലുകൾ. അയർലണ്ടിൽ പ്രചാരത്തിലുള്ള ‘സൺഡേ ട്രിബ്യൂൺ’ എന്ന ദിനപത്രത്തിന്റെ മുഖ്യ ചലച്ചിത്ര നിരൂപകനായിരുന്ന പോൾ ലിഞ്ച്.