തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്കെയിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കാനില്ലെന്ന നിലപാട് മയപ്പെടുത്തി സംവിധായകൻ ഡോ.ബിജു. പുതിയ സിനിമയായ അദൃശ്യജാലകങ്ങൾ ഐഎഫ്എഫ്കെ കലൈഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ സംവിധായകൻ അനുമതി നൽകി. താൻ ഉന്നയിച്ച കാര്യങ്ങളിൽ ചർച്ച നടത്താമെന്ന സംസ്കാരിക മന്ത്രിയുടെയും ചലച്ചിത്ര അക്കാദമിയുടെയും ഉറപ്പിനെ മാനിച്ചാണ് നടപടിയെന്ന് ഡോ.ബിജു അറിയിച്ചു. സംസ്ഥാന അവാർഡ് ജൂറി, ഐഎഫ്എഫ്കെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് മാനദണ്ഡങ്ങൾ
നിശ്ചയിക്കണം എന്നായിരുന്നു ഡോ.ബിജുവിന്റെ നിലപാട്. മലയാള ചിത്രങ്ങൾക്ക് ഐഎഫ്എഫ്കെയിൽ ആദ്യ പ്രദർശനം അനുവദിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഡോ.ബിജുവിന്റെ അദൃശ്യജാലകങ്ങൾ താലിൻ ബ്ലാക്ക് നൈറ്റ്സ് അന്താരാഷ്ട്ര മേളയിലേക്ക് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അംഗീകാരമുള്ള മേളയാണ് താലിൻ ബ്ലാക്ക് നൈറ്റ്സ്.