മലപ്പുറം : പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സർക്കാർ ആയത് കൊണ്ടാണ് അങ്ങനെ പറയാൻ കഴിഞ്ഞത്. ഞങ്ങൾ മത നിരപേക്ഷമാണെന്ന് പറഞ്ഞാൽ മതനിരപേക്ഷമാകില്ല. അതിന് ഉരകല്ല് ഉണ്ട്. വർഗീയതയോട് സന്ധി ചെയ്യില്ല എന്നതാണ് ആ ഉരകല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയോട് സന്ധി ചെയ്യില്ലെന്ന് അവർക്ക് പറയാൻ പറ്റുമോ. വർഗീയതയുമായി വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് ഇടതുപക്ഷത്തിന്. ഓരോ പ്രശ്നം വരുമ്പോൾ മതനിരപേക്ഷർ എന്ന് പറയുന്നവർ വല്ലതും ചെയ്യുന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കേന്ദ്രത്തിന്റെ നടപടികൾ തുറന്നു കാണിക്കാനാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. അതിന് യുഡിഎഫിന് വിഷമമുണ്ടാവേണ്ട കാര്യമില്ലല്ലോ. നാടിന്റെ നേട്ടമാണ് അവതരിപ്പിക്കുന്ന മറ്റൊരു കാര്യം. പിന്നെ എന്തിനാണ് ഇത് യു ഡി എഫ് ബഹിഷ്കരിച്ചത്. എല്ലാ ഘട്ടത്തിലും യു ഡി എഫ് ഇത്തരം സമീപനം സ്വീകരിച്ചു. യു ഡി എഫ് അപവാദം പ്രചരിപ്പിക്കുകയാണ്. ബഹിഷ്കരണം കോൺഗ്രസാണ് ആദ്യം പ്രഖ്യാപിക്കുന്നത്. പിന്നെ മറ്റുള്ളവർ ഏറ്റെടുക്കുകയാണ്. യു ഡി എഫ് ആണ് തീരുമാനിക്കുന്നത്. ആണെങ്കിൽ യു ഡി എഫ് കൺവീനർ അല്ലെ പ്രഖ്യാപിക്കേണ്ടത്. നവകേരള സദസ്സിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവാണ് ആദ്യം ബഹിഷ്കരണം പ്രഖ്യാപിച്ചത്. പിന്നാലെ മറ്റു പാർട്ടികളും അതിനൊപ്പം നിൽക്കുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.