എടപ്പാൾ : മുഖ്യമന്ത്രിയെയും സംഘത്തെയും കാണാൻ സ്കൂൾ കുട്ടികളെ റോഡിലിറക്കി. എടപ്പാൾ തുയ്യം ഗവ എൽ.പി സ്കൂളിലെ കുട്ടികളെയാണ് റോഡരികിൽ ദീർഘനേരം നിർത്തിയത്. നട്ടുച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം നടന്നത്. പൊന്നാനിയിലെ നവകേരള സദസ്സിൽ പങ്കെടുത്ത മുഖ്യമന്ത്രിയും സംഘവും എടപ്പാളിലേക്ക് ബസിൽ യാത്ര ചെയ്യുന്നത് കാണാനാണ് കുട്ടികളെ റോഡരികിൽ കാത്തുനിൽപിച്ചത്. അധ്യാപകരുടെ തൽപര്യപ്രകാരമാണ് കുട്ടികളെ റോഡിലിറക്കിയത് എന്നാണ് വിവരം. 11 മണിക്കാണ് പൊന്നാനിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, തിരൂരിലെ വാർത്താസമ്മേളനം കഴിഞ്ഞ് 12 മണിക്ക് ശേഷമാണ് മുഖ്യമന്ത്രി പൊന്നാനിയിൽ എത്തിയത്. ഇതു കാരണം ഏറെ നേരം റോഡരികിൽ കുട്ടികൾ കാത്തു നിന്നു. ബസ് വന്നതോടെ കുട്ടികൾ മുഖ്യമന്ത്രിയെ കൈവീശി കാണിച്ചു. തിരിച്ചു കുട്ടികളെയും മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. കുട്ടികളെ റോഡരികിൽ നിർത്തിക്കുന്നതിൽ കോടതിയും ബാലാവകാശകമ്മീഷനും ഇടപെടുകയും ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.