റിയാദ് : സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമങ്ങള്‍ ലംഘിച്ച 17,463 പേർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. താമസ നിയമ ലംഘനം നടത്തിയ 10,856, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,934, തൊഴിൽ നിയമ ലംഘനം നടത്തിയ 2,673 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 773 പേർ അറസ്റ്റിലായത്. ഇവരിൽ 44 ശതമാനം യമനികളും 45 ശതമാനം എത്യോപ്യക്കാരും 11 ശതമാനം മറ്റു രാജ്യക്കാരുമാണ്. 54 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തികൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 11 പേരും അറസ്റ്റിലായിട്ടുണ്ട്.