തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്ത്രീകൾക്കായി പൊതുമരാമത്ത് വകുപ്പ് പുതിയ വിശ്രമ മന്ദിരം നിർമിക്കും. തൈക്കാട് റെസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് സ്ത്രീകൾക്ക് മാത്രമായി വിശ്രമ മന്ദിരം നിർമ്മിക്കുന്നത്. ഇതിനായി 2.25 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. സംസ്ഥാനത്തെ റസ്റ്റ്ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസ് ആക്കുന്നതിന്‍റെ ഭാഗമായി വനിതാ റെസ്റ്റ് ഹൗസുകൾ നിർമ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് ആദ്യ വനിതാ റെസ്റ്റ് ഹൗസ് തലസ്ഥാനത്ത് നിർമ്മിക്കുന്നത്.
തലസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന വനിതകൾക്ക് ഗുണകരമായി ഈ റെസ്റ്റ് ഹൗസ് ഭാവിയിൽ മാറും. 2025 ഇൽ റെസ്റ്റ് ഹൗസ് യാഥാർത്ഥ്യമാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം മൂന്ന് പാലങ്ങൾക്കും പൊതുമരാമത്ത് വകുപ്പ് അനുമതി നൽകി. പേരാമ്പ്ര മണ്ഡലത്തിലെ പാറക്കടവ് പാലം, ചേലക്കര – വടക്കാഞ്ചേരി മണ്ഡലത്തിലെ അകമല പാലം, പെരുമ്പാവൂർ മണ്ഡലത്തിലെ തായിക്കരചിറ ഇരട്ടപാലം എന്നിവയ്ക്കാണ് ഭരണാനുമതി നൽകിയത്. പാറക്കടവ് പാലത്തിന് 3.59 കോടി രൂപയും അകമല പാലത്തിന് 2.80 കോടി രൂപയും തായിക്കരചിറ ഇരട്ടപാലത്തിന് 2 കോടി രൂപയും ആണ് അനുവദിച്ചത്.