ശ്രീനഗർ : ഇന്ത്യയുടെ ലോകകപ്പ് തോൽവി ആഘോഷിച്ച ഏഴ് വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും ഇവർ വിളിച്ചുവെന്ന് പോലീസ് ആരോപിക്കുന്നുണ്ട്. ഷേർ – ഇ.കശ്മീർ യൂനിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. യു.എ.പി.എയുടേയും ഐ.പി.സിയുടേയും വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ പ്രതിഷേധവുമായി നാഷണൽ കോൺഫറൻസ്, പി.ഡി.പിയും രംഗത്തെത്തി. യു.എ.പി.എയിലെ ഏറ്റവും മൃദുവായ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് പോലീസ് വാദം. യു.എ.പി.എയിലെ 13ാം വകുപ്പ് പ്രകാരമാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിദ്യാർഥികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഞെട്ടിക്കുന്നതാണ് മുൻ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. വിജയിച്ച ടീമിനായി സന്തോഷിക്കുന്നത് പോലും കശ്മീരിൽ കുറ്റകരമായിരിക്കുകയാണെന്നും മുഫ്തി പറഞ്ഞു.