കോഴിക്കോട് : ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പിടിയിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽനിന്ന് ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. എ.എസ്.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രണ്ട് പേർക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.ഉമേഷ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി പേരടി വീട്ടിൽ ഫെബിൻ റാഫി (26)യാണ് ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയത്. തെരിച്ചലിനൊടുവിൽ പോലീസ് ഇയാളെ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിൽ പെൺകുട്ടികൾക്കൊപ്പം കണ്ടെത്തിയ രണ്ട് മലയാളി യുവാക്കളിൽ ഒരാളാണ് ഇയാൾ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മദ്യം വാങ്ങി നൽകിയെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. കർണാടകയിലെ ഹോം സ്റ്റേയിൽ മുറിയെടുക്കാൻ സാഹിയിച്ചതും ഇയാളായിരുന്നു. റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങിയപ്പോൾ പരിചയപ്പെട്ടവരാണ് ഇരുവരുമെന്നും മുൻപരിചയമൊന്നും ഇല്ലെന്നുമാണ് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞത്.