കോഴിക്കോട് : കെഎസ് യു പ്രവര്‍ത്തകന്‍റെ കഴുത്തു ഞെരിച്ച കോഴിക്കോട് ഡിസിപി കെ.ഇ ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് എറിഞ്ഞ കണ്ണീര്‍ വാതക ഷെല്‍ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് പോലീസിന് നേര്‍ക്ക് തന്നെ തിരിച്ചെറിഞ്ഞു. പിരിഞ്ഞു പോകാന്‍ മൂന്നു തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പോലീസ് തടയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കാണാതെ ഒരു കിലോമീറ്റര്‍ പോലും മുഖ്യമന്ത്രിയുടെ നവകേരള യാത്രക്ക് മുന്നോട്ട് പോകാനാകില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പ്രതിഷേധം കാണാതെ യാത്ര പൂര്‍ത്തായാക്കാനാവുമോ എന്ന് നോക്കാം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ സര്‍ക്കാര്‍ ചെയ്യാനാവുന്നതൊക്കെ ചെയ്യട്ടേയെന്നും അന്വേഷണം നെഞ്ചും വിരിച്ച് നേരിടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.