പത്തനംതിട്ട : അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ഒരേ സമയം ആയിരം ഭക്തർക്ക് പുതിയ ക്ലോക്ക് റൂമിൻ്റെ പ്രയോജനം ലഭിക്കും. പമ്പയിലെത്തുന്ന അയ്യപ്പഭക്തന്മാർ പമ്പാ സ്നാനത്തിനായി പോകുമ്പോഴും ശബരിമല ദർശനത്തിനായി പോകുമ്പോഴുമാണു ക്ലോക്ക് റൂമിൻ്റെ സഹായം തേടുന്നത്. നിലവിൽ പമ്പയിൽ പ്രവർത്തിക്കുന്ന ക്ലോക്ക് റൂമിൽ ഒരുസമയം 500 സ്വാമിമാരുടെ ബാഗുകൾ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. ഭക്തരുടെ ആവശ്യകത പരിഗണിച്ചാണ് പമ്പയിൽ ഒരു ക്ലോക്ക് റൂം കൂടി അടിയന്തിരത്തിൽ സജ്ജമാക്കുന്നത്. നിലവിൽ പമ്പയിൽ ലേലത്തിനു നൽകിയിരിക്കുന്ന ഹോട്ടലിൻ്റെ മുകളിലത്തെ നിലയിലാണ് പുതിയ ക്ലോക്ക് റൂം ഒരുക്കുക. ചെറിയ അറ്റകുറ്റപ്പണികൾ ആവശ്യമായുള്ള ഹാൾ അതിനു ശേഷം ക്ലോക്ക് റൂമാക്കി മാറ്റും. കെട്ടിടത്തിൻ്റെ പണികൾ അടിയന്തിരമായി പൂർത്തിയാക്കി എത്രയും വേഗം ക്ലോക്ക് റൂം പ്രവർത്തിപ്പിക്കും. പമ്പയിൽ ഭക്തർക്ക് വിശ്രമിക്കാനായി താൽക്കാലിക വിരി ഷെഡുകളും ഒരുങ്ങി വരുന്നു.