തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിനിടെ എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്. ഒപി വിഭാഗത്തില്‍ മാത്രം അഞ്ഞൂറിലേറെ പേരാണ് ഇന്ന് രാവിലെ മുതലെത്തിയത്. രാവിലെ ആറുമുതല്‍ തുടര്‍ച്ചയായി ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. 11 മണി ആയപ്പോഴേക്കും തിരക്ക് വലിയ തോതില്‍ വര്‍ധിച്ചു. ഒപിയിലെ തിരക്ക് റോഡുവരെ നീണ്ടതും രോഗികളെ വലച്ചു.
12.30വരെയാണ് ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുക. ശേഷം 2 മണിക്കേ കൗണ്ടര്‍ തുറക്കൂ. ആകെയുള്ള മൂന്ന് കൗണ്ടറുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ 12.30 വരെ ഒപി എടുക്കാന്‍ അനുവാദമുള്ളൂ. തിരക്ക് വലിയ തോതില്‍ വര്‍ധിച്ചിട്ടും പകരം സംവിധാനം ആശുപത്രി ജീവനക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് രോഗികള്‍ പറയുന്നു.
ജില്ലയില്‍ ഇന്നലെ പതിനായിരത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം അതിതീവ്ര വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഞായറാഴ്ച്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടോ എന്ന് യോഗം പ്രധാനമായി ചര്‍ച്ച ചെയ്യും. അധിക നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്നും പരിശോധിക്കും.