മധുരൈ: ഏഴുവയസുകാരനടക്കം അഞ്ച് പേരെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ നാല് പേർ പിടിയിൽ. ദളിത് വിഭാഗത്തിലെ അഞ്ച് പേർക്കാണ് വെട്ടേറ്റത്. തേവർ വിഭാഗത്തിലെ രണ്ട് പേരാണ് ഏഴ് വയസുകാരനടക്കമുള്ളവരെ ആക്രമിച്ചത്. മധുരൈയിലെ പെരുങ്കുടി ഭാഗത്ത് തിങ്കളാഴ്ച രാത്രിയാണ് ദളിത് വിഭാഗത്തിലള്ളവർ ആക്രമിക്കപ്പെട്ടത്. ഗണപതി കുമാർ, അജിത്, വിജയകുമാർ, പെരിയസാമി ഇയാളുടെ ഏഴ് വയസുള്ള ചെറുമകന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ആർ മാരി, കെ ശശികുമാർ എന്നിവർ മോട്ടോർ സൈക്കിളിൽ പെരുങ്കുടിയിലെ മൈതനാത്തിന് സമീപത്ത് എത്തി. മൈതാനത്തിന് സമീപത്ത് കണ്ണന്‍ പിള്ള എന്നയാളെ കണ്ടോയെന്ന് ഇവർ ആക്രമണത്തിനിരയായവരോട് ചോദിച്ചു. പരിചയമില്ലെന്ന് ദളിത് വിഭാഗത്തിലുള്ളവർ മറുപടി പറഞ്ഞതോടെ ഇവർ ക്ഷുഭിതരായി ആക്രമണം ആരംഭിക്കുകയായിരുന്നു. വാക്കേറ്റം അസഭ്യ വർഷത്തിലേക്കും പിന്നീട് ആയുധം വച്ചുള്ള ആക്രമണത്തിലേക്കും തിരിയുകയായിരുന്നു.
തലയിലെ കെട്ട് അഴിക്കാതെയും എഴുന്നേറ്റ് നിൽക്കാതെയും മുണ്ട് മടക്കി കുത്തിയ നിലയിലും മറുപടി പറഞ്ഞതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. വാക്കേറ്റത്തിന് പിന്നാലെ ബൈക്കിലെത്തിയവർ കയ്യിലുണ്ടായിരുന്ന വാളു പോലുള്ള ആയുധം വച്ച് ദളിത് വിഭാഗത്തിലുള്ളവരെ ആക്രമിക്കുകയായിരുന്നു. തർക്കം പരിഹരിക്കാന്‍ ശ്രമിച്ച പെരിയസാമിക്കും ഇയാളുടെ ചെറുമകനെയും അക്രമികൾ വെറുതെ വിട്ടില്ല.
ഏഴ് വയസുകാരന്‍റെ കാലുകളിലാണ് വെട്ടേറ്റിരിക്കുന്നത്. ആളുകൾ ഓടിക്കൂടിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പെരുങ്കുടിയിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. കുടിവെള്ള ടാങ്കർ ഡ്രൈവറാണ് അക്രമികളിലൊരാളായ മാരി ശശികുമാർ കല്‍പണിക്കാരനാണ്. സംഭവത്തിൽ പരാതി നൽകാനുള്ള ശ്രമങ്ങളെ പൊലീസ് നിരുൽസാഹപ്പെടുത്തിയെന്നാണ് ദളിത് ആക്ടിവിസ്റ്റുകൾ പ്രതികരിച്ചത്. നിരന്തരമായ അപേക്ഷകൾക്കൊടുവിലാണ് ഗണപതികുമാറിന്റെ പരാതി സ്വീകരിച്ചതെന്നും ആരോപണമുയരുന്നുണ്ട്.