ദില്ലി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു പ്രവചനം. തെലങ്കാനയിലും കോൺഗ്രസിന് മേൽക്കൈയുണ്ട്. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. മധ്യപ്രദേശ്-230, രാജസ്ഥാൻ-199, ഛത്തീസ്ഗഢ്-90, തെലങ്കാന-119, മിസോറാം-40 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ആകെ സീറ്റുകളുടെ എണ്ണം.