കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളിൽ നിർണായകമായ ഐ ഫോണില്ല. ദിലീപ് കൈമാറിയത് പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ്. പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ ആദ്യ ക്രമനമ്പറിൽ പറയുന്ന ഐ ഫോൺ ഹാജരാക്കിയിട്ടില്ല. ഈ ഫോൺ ഏതാണെന്ന് തന്നിക്ക് വ്യക്തമല്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.
താൻ പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐ ഫോൺ ആകാമിതെന്നും പണ്ട് ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണെങ്കിൽ ഇത് നിലവിൽ തൻറെ കൈവശമില്ലെന്നും പ്രവർത്തന രഹിതമായതിനെ തുടർന്ന് ഈ ഫോൺ ഉപേക്ഷിച്ചതായും ദിലീപ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട നാലാമത്തെ ഫോൺ ഏതെന്ന് വ്യക്തമല്ലെന്ന് ദിലീപ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ ഐഎംഇഐ നമ്പറിലുള്ള ഫോൺ ആണ് തന്റെ രണ്ടാമത്തെ ഐ ഫോൺ എന്നാണ് ദിലീപ് ഇപ്പോൾ പറയുന്നത്. ഈ ഫോൺ കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഫോണുകൾ കൈമാറിയത് സംബന്ധിച്ച ഫയൽ ചെയ്ത മെമ്മോയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണമാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറിയത്. ഈ ഫോണുകള്‍ ഫോറൻസിക് പരിശോധനക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനമെടുക്കും. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദിലീപിന്റെ നിലപാടെങ്കിലും ഈ ഫോൺ ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം രാവിലെ പത്തേകാലിന് മുമ്പ് തന്നെ പ്രതികള്‍ രജിസ്ട്രാര്‍ ജനറലിന്‍റെ ഓഫീസിന് ഫോൺ കൈമാറിയിരുന്നു. ദിലീപിന‍്റെ മൂന്നും സഹോദരൻ അനൂപിന്റെ രണ്ടും ബന്ധു അപ്പു എന്ന കൃഷ്ണപ്രസാദിന്‍റെ ഒരു ഫോണുമാണ് ഹാജരാക്കിയത്. കേരളത്തിലെ പോലീസിന് കീഴിലുള്ള ഏജൻസികളിൽ ഫോൺ പരിശോധനക്ക് വിടരുതെന്നാണ് ദിലീപിന‍്റെ ആവശ്യം. ഫോണില്‍ കൃത്രിമം നടത്തുമെന്നാണ് ദിലീപിന‍്റെ വാദം. എന്നാല്‍ ഫോണ്‍ എവിടെ പരിശോധിക്കണമെന്ന് തീരുമാനിക്കാന്‍ പ്രതിക്ക് അവകാശില്ലെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന‍്റെ അക്രഡിറ്റേഷനുള്ള ഏജന്‍സികളില്‍ മാത്രമേ പരിശോധിക്കാൻ കഴിയു എന്ന കഴിഞ്ഞ സിറ്റിംഗിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.