ന്യൂഡൽഹി : അഞ്ച് നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങളുടെ അകമ്പടിയോടെ ശീതകാല പാർലമെന്‍റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ ഫലമെന്ന് വിലയിരുത്തുന്ന വോട്ടെണ്ണൽ ഞായറാഴ്ചയാണ്. തൊട്ടു പിറ്റേന്നുതന്നെ തുടങ്ങുന്ന സമ്മേളനം ലോക്സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവണതകൾകൂടി പ്രതിഫലിപ്പിക്കും. സമ്മേളനം സമാധാനപരമായി നടത്താൻ എല്ലാ പാർട്ടി പ്രതിനിധികളുടെയും യോഗം സർക്കാർ ശനിയാഴ്ച വിളിച്ചിട്ടുണ്ടെങ്കിലും ഭരണ-പ്രതിപക്ഷ ബന്ധങ്ങൾ വഷളായി നിൽക്കെയാണ് തിങ്കളാഴ്ച എം.പിമാർ പാർലമെന്‍റിൽ എത്തുന്നത്.
ഈ മാസം 22 വരെയായി 15 ദിവസങ്ങളിലാണ് ലോക്സഭയും രാജ്യസഭയും സമ്മേളിക്കുക. വിവിധ ബില്ലുകൾ പരിഗണനക്കു വരും. 37 ബില്ലുകളാണ് പാസാക്കാൻ പാർലമെന്‍റിലുള്ളത്. ഏഴു ബില്ലുകൾ പുതുതായി അവതരിപ്പിക്കാനും 12 ബില്ലുകൾ പാസാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ ചോദ്യക്കോഴ വിഷയത്തിൽ പുറത്താക്കാനുള്ള അച്ചടക്കസമിതി റിപ്പോർട്ട് ലോക്സഭയുടെ പരിഗണനക്ക് വരാനിരിക്കുന്നു. ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ പുറത്താക്കാൻ പ്രമേയം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സർക്കാർ.