രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ എന്ത് കഴിക്കുന്നു എന്നത് അന്നത്തെ ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും. അത്തരത്തില്‍ രാവിലെ വെറും വയറ്റിൽ കഴിക്കാന്‍ പറ്റിയ ഒന്നാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണത്തെ കൂട്ടും. രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- പലര്‍ക്കുമുള്ള ഒരു പ്രശ്നമാണ് മലബന്ധം. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അതിനാല്‍ മലബന്ധ പ്രശ്നമുള്ളവര്‍ രാവിലെ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
- രണ്ട്…
- അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും.
- മൂന്ന്…
- ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
- നാല്…
- ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസര്‍ സാധ്യതകളെ തടയാൻ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു.
- അഞ്ച്…
- വിറ്റാമിനുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.