തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി കുട്ടികളെ രംഗത്തിറക്കിയതിനെതിരായ ഹൈക്കോടതി പരാമർശം വസ്തുതാപരമല്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാനൂരിൽ കുട്ടികളെ നിന്നത് വെയിലത്ത് ആയിരുന്നില്ല. ഹൈക്കോടതി ഏത് വിവരത്തെ അടിസ്ഥാനമാക്കിയാണ് പരാമർശം നടത്തിയതെന്ന് അറിയില്ല. കുട്ടികൾ കുട്ടികളുടെ വികാരപ്രകടനം നടത്തുമല്ലോ. യാത്രയ്ക്കിടെ മറ്റെവിടേ നിന്നും സ്കൂളിൽ നിന്ന് കുട്ടികളെ എത്തിച്ചിട്ടില്ല. യാത്ര കാണാനും അഭിവാദ്യം ചെയ്യാനും കുട്ടികൾക്കും താല്പര്യമുണ്ട്. പിള്ള മനസ്സിൽ കള്ളമില്ലെന്ന് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിക്കുന്നു.
നവകേരള സദസുകളിൽ സിപിഐഎമ്മുകാർ മാത്രമല്ല, നാടിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. അങ്ങനെ വരുന്നവർക്കെതിരെ നടപടി എടുക്കുന്നുണ്ട് എന്നറിഞ്ഞിട്ടും, അവർ വരുന്നുണ്ടെങ്കിൽ നാടിനോട് പ്രതിബദ്ധത ഉള്ളതുകൊണ്ടാണ്. രാജ്ഭവന് ഡെന്റൽ ക്ലിനിക്ക് വേണമെന്ന് ഗവർണർ പറഞ്ഞു. അനുവദിക്കാൻ കഴിയില്ലെന്ന് താൻ പറഞ്ഞു. അതിന്റെ നീരസം ചിലപ്പോൾ ഗവർണർക്ക് ഉണ്ടാകും. പദവിക്ക് അനുസരിച്ചല്ലേ ആളുകൾ പ്രവർത്തിക്കേണ്ടത്. സുപ്രീം കോടതി വിധിക്കെതിരെ കേരളം കോടതിയെ സമീപിക്കില്ല. കോടതി വിധിയെ അംഗീകരിക്കും.
കണ്ണൂർ സർവ്വകലാശാലാ വിസിയുടെ നിയമനം റദ്ദ് ചെയ്ത കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയല്ല. ഈ വിധി സർക്കാരിന് തിരിച്ചടി എന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നതെന്നും ആ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നിയമപ്രശ്നങ്ങളാണ് ഇവിടെയുള്ളത്. പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. ആ നിരീക്ഷണത്തെ സുപ്രീംകോടതി ശരിവച്ചു. നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനർ നിയമനം ആകാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതിൽ പ്രായപരിധി ബാധകമോ എന്ന ചോദ്യത്തിനും സുപ്രീകോടതി വ്യക്തത വരുത്തിയിട്ടുണ്ട്.
സെർച്ച് കമ്മിറ്റി പ്രകാരം ആളെ കണ്ടെത്തേണ്ടതുണ്ടെന്ന ചോദ്യത്തിന് പുനർ നിയമനത്തിന് ഇത് ആവശ്യമില്ലന്ന് കോടതി അറിയിച്ചിട്ടുണ്ട്. ചട്ടപ്രകാരമാണെന്നും നിയമപ്രകാരമാണെന്നും ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
അത് പൂർണമായും സുപ്രിം കോടതിയും ശരിവെക്കുകയാണ്. സുപ്രീം കോടതി മുൻപാകെ നൽകിയ ഹർജിയിൽ ഗവർണർ ഒന്നാം കക്ഷിയായിരുന്നു. ഗവർണറുടേത് വിചിത്രമായ നിലപാടാണ്.
വിസി നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഗവർണർ കോടതിയിൽ അറിയിച്ചത്. എന്നാൽ ചട്ട വിരുദ്ധമായി അല്ല കണ്ണൂർ വി.സി നിയമനം നടന്നത് എന്ന് കോടതി തന്നെ വ്യക്തമാക്കുന്നു. വിധി വന്നതിന് ശേഷവും ചാൻസലർ നിയമനം നടന്നത് ചട്ടവിരുദ്ധമായാണ് എന്നാണ് പറയുന്നത്. ചാൻസലറെ കുറിച്ചാണ് കോടതിയിൽ പ്രതികൂല പരാമർശമുണ്ടായത്. ഇത്തരത്തിലുള്ള പ്രതികരണം നടത്തുന്ന ഗവർണർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ?. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട് എന്ന് ഗവർണർ ഓർക്കണം.
സുപ്രീം കോടതി വിധി എങ്ങനെയാണ് വന്നത്. നിയമിച്ച ചാൻസിലർ തന്നെയാണ് പറയുന്നത് ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന്. സമ്മർദ്ദത്തിന് വഴങ്ങിയാണ് നിയമിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേരാത്തതാണ്. എന്തൊരു പ്രസ്ഥാവനയാണിത്.
സുപ്രിംകോടതി വിധി സർക്കാരിനെതിരാണെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ കോടതി വിധി തന്നെ വായിച്ച് നോക്കിയാൽ മതി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ഗോപിനാഥ് രവീന്ദ്രനെ ഇവിടെ നിന്ന് തുരത്തണമെന്ന കാര്യത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ട്. നിലപാടുകൾ തുറന്നുപറയുന്ന ആളാണ് വിസി. പ്രതിപക്ഷം ഇക്കാര്യത്തിൽ ഇത്ര സന്തോഷിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.