തിരുവനന്തപുരം : തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ തീവ്രന്യൂനമർദ്ദം നാളെ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും തുടർന്ന് ഡിസംബർ 3 ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. ഇതിൽ തന്നെ തെക്കൻ കേരളത്തിലാകും കൂടുതൽ മഴ സാധ്യതയെന്നാണ് സൂചന. അതി തീവ്രന്യൂനമർദ്ദ സാധ്യതയുടെ അടിസ്ഥാനത്തിൽ തെക്കൻ കേരളത്തിലെ 3 ജില്ലകളിൽ ഇന്ന് വൈകുന്നേരത്തോടെ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോൾ യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.