രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം . ജീവതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്.
സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് (GI) കുറഞ്ഞ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്…
ബ്രൊക്കോളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രമേഹ രോഗത്തെ നിയന്ത്രിക്കാന്‍ ബ്രൊക്കോളിക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
രണ്ട്…
തക്കാളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസമിക് സൂചിക കുറഞ്ഞ തക്കാളി പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും.
മൂന്ന്…
ഓറഞ്ച് നാരുകളും വിറ്റാമിൻ സി യും ധാരാളം അടങ്ങിയ ഫലമാണ്. വൈറ്റമിൻ സി, പ്രമേഹ രോഗികളിൽ ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആന്റി ഓക്സിഡന്റ് ആണ്. ഭക്ഷണശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെ ഇത് തടയുന്നു. കൂടാതെ ഓറഞ്ചിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. ഓറഞ്ച് ജ്യൂസിനെക്കാള്‍ നല്ലത് വെറുതേ കഴിക്കുന്നതാണ്.
നാല്…
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പച്ചക്കറികളില്‍ തന്നെ ജീവകങ്ങള്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. വിറ്റാമിന്‍ സി, അയണ്‍, സോഡിയം, പൊട്ടാസ്യം, എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. കലോറി കുറവായതു കൊണ്ടുതന്നെ ഇവ പ്രമേഹരോഗികള്‍ക്ക് മികച്ചതാണ്.
അഞ്ച്…
പയറുവർഗങ്ങളിലെ പോഷകഘടങ്ങൾ പ്രമേഹരോഗികൾക്കു ഉത്തമമാണ്. അതിനാല്‍ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്.
ആറ്…
പാവയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നില്‍ക്കും എന്നതുകൊണ്ടുതന്നെയാണ് പാവയ്ക്ക പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമെന്ന് പറയുന്നത്.
ഏഴ്…
ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്നു പണ്ടേതെളിഞ്ഞതാണ്. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.
എട്ട്…
നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വാള്‍നട്സ്, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയവയില്‍ ഫൈബര്‍, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.