കോഴിക്കോട് : നവകേരളയാത്ര കാരണം സംസ്ഥാനത്ത് ഭരണസ്തംഭനമാണെങ്കിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 1986 ന് മുമ്പേ സ്ഥലം രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷം പേർക്കാണ് സർക്കാർ ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പച്ചയായ കൊള്ളയാണ് ഇതെന്ന് വ്യക്തമാണ്. രജിസ്ട്രേഷൻ സമയത്ത് വില കുറച്ച് കാണിച്ചെന്നാണ് കൊള്ളയ്ക്ക് സർക്കാരിന്റെ ന്യായീകരണം. വലിയ ഫൈൻ അടച്ചില്ലെങ്കിൽ സ്ഥലം ജപ്തി ചെയ്യുമെന്നാണ് ഭീഷണി. 1986 ൽ സർക്കാർ ഭൂമിക്ക് ന്യായവില കണക്കാക്കിയിരുന്നില്ല. പിന്നെ എങ്ങനെയാണ് വില കുറച്ച് കാണിക്കുകയെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കണം. ഇപ്പോൾ പോലും 30 ശതമാനം ഭൂമിക്ക് മാത്രമാണ് ന്യായവില കണക്കാക്കിയിട്ടുള്ളതെന്നിരിക്കെ 37 വർഷം മുമ്പത്തെ കാര്യത്തിന് ഫൈൻ ഈടാക്കുന്നത് നിയമവിരുദ്ധമാണ്. സർക്കാരിന്റെ ഈ കൊള്ളയ്ക്കെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.