ഇടുക്കി : വിവാഹ വാർഷിക സമ്മാനമായി ഭാര്യാ ഭർത്താക്കന്മാർ റോസാപ്പൂ നൽകുന്നത് സാധാരണമാണ്. എന്നാൽ രാമക്കൽ മേട് സ്വദേശി പ്രിൻസ് തൻറെ ഭാര്യക്ക് പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി നൽകിയതു പോലൊരു റോസാപ്പൂ ലോകത്താരും ഇതുവരെ നൽകിയിട്ടുണ്ടാകില്ല. ആരെയും അത്ഭുതപ്പെടുത്തുന്ന ഈ പൂവിന്റെ വിശേഷങ്ങള്‍ ഇവയൊക്കെയാണ്. 35 കിലോയോളം തൂക്കം വരുന്ന റോസാപ്പൂവാണ് പ്രിൻസ് ഭാര്യ രജിമോൾക്ക് പതിനഞ്ചാം വിവാഹ വാർഷികത്തിന് സമ്മാനിച്ചത്. കയ്യിലെടുക്കണമെങ്കില്‍ മൂന്നു പേരെങ്കിലും വേണം. അക്ഷരാർത്ഥത്തിൽ കാരിരുമ്പിന്റെ ദൃഢതയുള്ള റോസാ പൂവ്. ഇരുമ്പ് ഷീറ്റു കൊണ്ട് ഒരാഴ്ച പണിപ്പെട്ടാണിത് തീർത്തത്. വീട്ടിൽ വച്ച് അവസാനം വരെ സസ്പെൻസ് കാത്തു സൂക്ഷിച്ചായിരുന്നു നിർമ്മാണവും പിന്നീടുള്ള കൈമാറലും.