ചെന്നൈ : മിഷോങ് ചുഴലിക്കാറ്റ് തീവ്രമായ പശ്ചാത്തലത്തിൽ നേരിടാൻ സർവ്വ സജ്ജമായി തമിഴ്നാട്. നാളെ രാവിലെ കരതൊടുന്ന തീവ്ര ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ തരത്തിലുമുള്ള മുൻകരുതലുകളും സ്വീകരിച്ചതായി തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വന്ദേ ഭാരത് അടക്കം കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് അടക്കം 6 ട്രെയിനുകൾ കൂടിയാണ് ഇന്ന് റദ്ദാക്കിയത്. ഇക്കൂട്ടത്തിൽ ചെന്നൈ – കൊല്ലം ട്രെയിനുമുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്.
വിമാനത്താവളങ്ങളിലും ജാഗ്രത
ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയർ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ 33 വിമാനങ്ങൾ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
നാളെയും അവധി
തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ , തിരുവള്ളൂര്‍ , കാഞ്ചീപുരം , ചെങ്കൽപ്പേട്ട് ജില്ലകളില്‍ നാളെയും പൊതു അവധി പ്രഖ്യാപിച്ചു. നാളെ ഉച്ചയോടെ ആന്ധ്രയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ മിഗ്ചോമ് കര തൊടുമെന്നാണ് പ്രവചനം. കരയിൽ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റർ വരെ വേദം പ്രതീക്ഷിക്കുന്നതിനാൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.