പാക്കിസ്ഥാനിലെ പെഷവാറിൽ സ്കൂളിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. പൊലീസും രക്ഷാസംഘങ്ങളും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ 9:10 നാണ് സംഭവം. പെഷവാറിലെ വാർസക് റോഡിലെ സ്കൂളിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ അഞ്ച് പേരിൽ നാല് പേർ കുട്ടികളാണ്. 7 മുതൽ 10 വയസ്സ് വരെയാണ് ഇവരുടെ പ്രായം. കുട്ടികളിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. നേരത്തെ 2014ൽ താലിബാൻ ഭീകരർ പെഷവാർ നഗരത്തിലെ സൈനിക സ്കൂളിൽ ആക്രമണം നടത്തിയിരുന്നു. അന്ന് 132 കുട്ടികളടക്കം 140 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.