തിരുവനന്തപുരം : കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിജെപി സർക്കാർ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്ന് ടി.എൻ പ്രതാപൻ നോട്ടീസിൽ പറയുന്നു. കേന്ദ്ര അവഗണനയെ ചോദ്യം ചെയ്ത് കോൺഗ്രസിന്റെ ജെബി മാത്തർ എംപിയും രംഗത്തെത്തി. അതേസമയം, കോൺഗ്രസിന്റെ വൈകിയ വിവേകത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎമ്മും പ്രതികരിച്ചു.
സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ കോൺഗ്രസ് എംപിമാർ ശബ്ദിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു സിപിഎമ്മിന്റെ തുറന്ന വിമർശനം. ഇതിനിടയിലാണ് ലോക്സഭയിൽ ടി.എൻ പ്രതാപന്റെ അടിയന്തര പ്രമേയ നോട്ടീസ്. ബിജെപി സർക്കാർ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും ഫെഡറൽ സംവിധാനം തകർന്നിരിക്കുകയാണെന്നും ടി.എൻ പ്രതാപൻ നോട്ടീസിൽ പറയുന്നു.
പ്രളയ കാലത്ത് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്ര സർക്കാർ വിദേശ ധനസഹായങ്ങൾ കൂടി മുടക്കിയെന്നും നോട്ടീസിൽ ആരോപിച്ചു. നെല്ല് സംഭരണത്തിനായി 790 കോടി രൂപ കേന്ദ്രം നൽകാനുണ്ടെന്ന് ജെബി മേത്തർ എം.പിയും രാജ്യസഭയിൽ പറഞ്ഞു. ഇതുമൂലം കേരളത്തിൽ കർഷക ആത്മഹത്യ തുടരുന്ന സാഹചര്യമെന്നും ജെബി മേത്തർ. ടി.എൻ പ്രതാപന്റെത് നല്ല നീക്കമാണെന്നും, ഇത് വരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാൽ അത് സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റേത് വൈകി വന്ന വിവേകമാണെന്നും, കുറച്ചു നേരത്തെ ആയിരുന്നെങ്കിൽ സംസ്ഥാനത്തിന് ഉപകാരപ്പെടുമായിരുന്നുവെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലനും പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിക്കു കേന്ദ്രവും സംസ്ഥാനവും ഒരു പോലെ കുറ്റക്കാരാണെന്നും, രണ്ടു കൂട്ടരെയും വിമർശിക്കണമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.