കൊല്ലം : സിന്തെറ്റിക് മയക്കുമരുന്നുമായി പിടിയിലായ യുവാവിന് 10 വര്‍ഷത്തെ കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കരിക്കുഴി സ്വദേശി 25 വയസുകാരന്‍ അമലിനാണ് പത്തുവര്‍ഷം തടവ് വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ ഇരുപതാം തീയതിയാണ് അമല്‍ എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 80 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്തിരുന്നു. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കേരളത്തില്‍ എത്തിച്ചു ഇരട്ടി വിലയ്ക്ക് ചില്ലറ വില്‍പ്പന നടത്തുന്നയാളായിരുന്നു പ്രതിയെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ വിഷ്ണുവിന്റെ സംഘം നടത്തിയ റെയ്ഡിലാണ് അമല്‍ പിടിയിലായത്.
കേസ് അന്വേഷണം ഏറ്റെടുത്ത അന്നത്തെ കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി റോബര്‍ട്ട് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി പ്രതി റിമാന്‍ഡില്‍ കഴിയവേ തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പാലത്തറ വിനു കരുണാകരന്‍ ഹാജരായി. കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന്‍ സഹായി സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജഗോപാലന്‍ ചെട്ടിയാര്‍. കേസില്‍ 17 മാസ കാലയളവിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമായ നേട്ടമാണെന്ന് എക്‌സൈസ് അറിയിച്ചു.