മലപ്പുറം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ഇടതു മുന്നണിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു. പാസാക്കാനാവശ്യമായ അംഗബലമില്ലാതെ വന്നതോടെയാണ് യുഡിഎഫിന്റെ പ്രമേയം പരാജയപെട്ടത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഭരണം നിലനിർത്താൻ സിപിഎം ബിജെപിയുടെ സഹായം തേടിയെന്ന് യുഡിഎഫ് ആരോപിച്ചു.
പതിനേഴ് അംഗ ഭരണസമിതിയിൽ ഇടത് മുന്നണിക്കും യുഡിഎഫിനും എട്ട് അംഗങ്ങളും ബിജെപിക്ക് ഒരംഗവുമാണുള്ളത്. നറുക്കെടുപ്പിലൂടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ ഇടതുമുന്നണി നേടി. ഇതിനിടെ ഇടതു മുന്നണിയിലെ ഒരംഗത്തിന്‍റെ വിജയം കോടതി റദ്ദാക്കി. ഇതോടെയാണ് ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ബിജെപി അംഗമടക്കം ചര്‍ച്ചയില്‍ പതിനാറ് അംഗങ്ങള്‍ പങ്കെടുത്തതിനാല്‍ പ്രമേയം പാസാക്കാൻ യുഡിഎഫിന് ഒമ്പത് അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. വോട്ടെടുപ്പില്‍ നിന്ന് ബിജെപി അംഗം വിട്ടുനിന്നതോടെ എട്ടംഗങ്ങളുള്ള യുഡിഎഫിന് പ്രമേയം വിജയിപ്പിക്കാനായില്ല. എന്നാൽ ബിജെപി ബന്ധമെന്ന ആരോപണം സിപിഎം നിഷേധിച്ചു. ഇടതുമുന്നണിക്കും യുഡിഎഫിനും എതിരായ നിലപാടാണ് എടുത്തതെന്നും ആരെയും സഹായിച്ചിട്ടില്ലെന്നും ബിജെപിയും വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് റദ്ദാക്കിയ വാർഡിൽ അടുത്തു തന്നെ ഉപതെരെഞ്ഞെടുപ്പ് നടക്കും. ഇവിടുത്തെ ഫലം പഞ്ചായത്ത് ഭരണത്തിൽ നിർണായകമാവും.