കറാച്ചി: ലഷ്‍കറെ ത്വയ്യിബ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സഈദിന്റെ വലംകൈയായിരുന്ന ഹൻസല അദ്നാൻ പാകിസ്താനിൽ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. 2015ൽ ജമ്മുകശ്മീരിലെ ഉദംപൂരിൽ ബി.എസ്.എഫ് സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരൻ അദ്നാൻ ആയിരുന്നു. ഡിസംബർ മൂന്നിന് സ്വന്തം വസതിക്കു പുറത്തുവെച്ചാണ് അദ്നാന് വെടിയേറ്റത്. ഇയാളുടെ ശരീരത്തിൽ നിന്ന് വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്.
വെടിയേറ്റ അദ്നാനെ പാക്സൈനിക ആശുപത്രിയിൽ പ്രവേശിച്ചു. എന്നാൽ ചൊവ്വാഴ്ച മരിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയക്കായി ഇയാളെ റാവൽപിണ്ഡിയിലേക്ക് മാറ്റിയിരുന്നു. ബി.എസ്.എഫ് സംഘത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് സൈനികർ കൊല്ലപ്പെട്ടിരുന്നു. 13 ജവാൻമാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ എൻ.ഐ.എ കുറ്റപത്രവും സമർപ്പിച്ചിരുന്നു.
പുതുതായി ലഷ്‍കറെ ത്വയ്യിബയിൽ ചേർന്നവർക്ക് പരിശീലനം നൽകാനായിരുന്നു അദ്നാനെ പാക് അധീന കശ്മീരിലേക്ക് അയച്ചത്. പാക് ഇന്റലിജൻസ് ഏജൻസിയായ ഐ.എസ്.ഐയുടെ പിന്തുണയും അദ്നാന് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താനുള്ള പാക് സൈന്യത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്നും റിപ്പോർട്ടുണ്ടായിരുന്നു.ഖലിസ്ഥാൻ നേതാവ് ലഖ്ബീർ സിങ് റോഡ് മരിച്ചതിനു പിന്നാലെയാണ് ഹൻസല അദ്നാന് വെടിയേറ്റത്. ഐ.എസ്.ഐയുെട പിന്തുണയോടെ പഞ്ചാബിൽ ഖലിസ്ഥാൻ വാദികൾ നടത്തിയ ആക്രമണത്തിൽ ലഖ്ബീർ സിങ് റോഡിന് പങ്കുണ്ടായിരുന്നു.