അങ്കമാലി: കുടുംബത്തോടൊപ്പം സഞ്ചരിക്കവെ മുല്ലശ്ശേരി പാലത്തിലുണ്ടായ കാറപകടത്തിൽ തലക്ക് സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാറക്കടവ് എളവൂർ അറക്കലാൻ വീട്ടിൽ (പാലമറ്റത്ത്) ബെന്നിയുടെ (ഐ.സി.ഐ.സി പ്രുഡെൻഷ്യൽ സീനിയർ കൺസൾട്ടന്‍റ്) മകൾ നീനുവാണ് (29) മരിച്ചത്. അങ്കമാലി-മഞ്ഞപ്ര റോഡിൽ മുല്ലശ്ശേരി പാലത്തിൽ ജനുവരി ഒമ്പതിന് രാത്രിയായിരുന്നു അപകടം.
സ്വകാര്യ ആഘോഷ ചടങ്ങിൽ പങ്കെടുത്ത ശേഷം ബെന്നിയും കുടുംബവും എളവൂരിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദിശതെറ്റി നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ കാർ ഇടിച്ചു കയറിയത്. അപകടത്തിൽ ബെന്നിക്കും ഭാര്യ മിനി, മക്കളായ നീനു, നിഖിത എന്നിവർക്കും പരിക്കേറ്റിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ കാറിന്റെ പിൻസീറ്റിൽ വലതുഭാഗത്തിരുന്ന നീനുവിന്‍റെ തല സ്റ്റിയറിങ്ങിൽ ആഴത്തിൽ ഇടിക്കുകയായിരുന്നു. മിനിയുടെ കാലിനും സാരമായി പരുക്കേറ്റിരുന്നു. നീനുവിനെ അവശനിലയിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു.
അങ്കമാലി കറുകുറ്റി പൈനാടത്ത് കുടുംബാംഗമാണ് മാതാവ് മിനി. സഹോദരി നിഖിത. സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് എളവൂർ സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ. രണ്ട് പാലങ്ങളും ഒരേപോലെ സമാന്തരമായി ദിശാസൂചികയില്ലാതെ നിലകൊള്ളുന്നതിനാൽ ഏറെ നാളായി ഇവിടെ അപകടം പതിവാണ്. മഞ്ഞപ്ര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മുല്ലശ്ശേരി പാലത്തിലെത്തുമ്പോൾ ഏത് പാലത്തിലൂടെയാണ് കടന്ന് പോകണമെന്ന ആശയ കുഴപ്പമാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.
എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ലൈറ്റുകൾ ഉയർന്ന നിലയിൽ പ്രകാശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു. വീതിയുള്ള റോഡിലൂടെ വന്ന കാർ ഇടുങ്ങിയ പാലത്തിൽ കയറുന്ന അവസ്ഥയാണുള്ളത്. അങ്കമാലി-മഞ്ഞപ്ര റോഡ് വീതി കൂട്ടിയെങ്കിലും മുല്ലശ്ശേരി പഴയപാലം ഇപ്പോഴും വീതികൂട്ടാതെ പഴയ അവസ്ഥയാണുള്ളത്.