ബെംഗലൂരു: വിജയ് ഹസാരെ ട്രോഫിയില്‍ അവസാവ മത്സരത്തില്‍ നായകന്‍ സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിട്ടും കേരളം റെയില്‍വേസിനോട് തോറ്റെങ്കിലും ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. കരുത്തരായ അജിങ്ക്യാ രഹാനെയുടെ മുംബൈയും ചേതേശ്വര്‍ പൂജാരയുടെ സൗരാഷ്ട്രയും അടങ്ങുന്ന ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ചെറിയ നേട്ടമല്ല. കേരളത്തിനും മുംബൈക്കും 20 പോയന്‍റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിലായിരുന്നു കേരളം(+1.553) മുംബൈയെ(+1.017) പിന്തള്ളി ഒന്നാമതായത്. അവസാന മത്സരത്തില്‍ മുംബൈ ഒഡിഷയോട് 86 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തിയിട്ടും കേരളം പ്രീ ക്വാര്‍ട്ടറില്‍ മാത്രമാണ് എത്തിയത്. രണ്ടാം സ്ഥാനക്കാര മുംബൈ ആകട്ടെ നേരിട്ട് ക്വാര്‍ട്ടിലെത്തുകയും ചെയ്തു. ഒമ്പതിന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രക്കെതിരെ ജയിച്ചാലെ കേരളത്തിന് ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പാവു. ഒന്നാമതെത്തിയിട്ടും കേരളം എന്തുകൊണ്ട് ക്വാര്‍ട്ടറിലെത്തിയില്ല എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തുമ്പോള്‍ അതിനുള്ള കാരണമാണ് വിചിത്രം.
സാധാരണഗതിയില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തുന്നവരാണ് നോക്കൗട്ടിലേക്ക് മുന്നേറുക. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകള്‍ ഒരേ പോയന്‍റ് പങ്കിട്ടാല്‍ നെറ്റ് റണ്‍ റേറ്റല്ല ഒന്നാം സ്ഥാനക്കാരെ കണ്ടെത്താന്‍ പരിഗണിക്കുക എന്നതാണ് കേരളത്തിന് വിനയായത്. കേരളത്തിനും മംബൈക്കും 20 പോയന്‍റ് വീതമായതിനാല്‍ ഇരു ടീമുകളും പരസ്പരം മത്സരിച്ചപ്പോഴത്തെ വിജയികളെയാണ് ഒന്നാമന്‍മാരായി കണക്കാക്കു. ഇതോടെ പോയന്‍റ് പട്ടികയില്‍ ഒന്നാമതെങ്കിലും മുംബൈ ആണ് യഥാര്‍ത്ഥ ഗ്രൂപ്പ് വിജയികളായി ക്വാര്‍ട്ടറിലെത്തിയത്. മികച്ച രണ്ടാം സ്ഥാനക്കാരെന്ന നിലയില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍ കളിക്കേണ്ടിവന്നു.
പ്രീ ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ ദീപക് ഹൂഡ നയിക്കുന്ന രാജസ്ഥാനാണ് ക്വാര്‍ട്ടറില്‍ കേരളത്തിന്‍റെ എതിരാളികള്‍. രാഹുല്‍ ചാഹറും മഹിപാല്‍ ലോമറോറും അടക്കമുള്ള താരങ്ങള്‍ രാജസ്ഥാന്‍ നിരയിലുണ്ട്. മുംബൈ ആകട്ടെ ക്വാര്‍ട്ടറില്‍ കരുത്തരായ തമിഴ്നാടിനെ നേരിടും.