കോഴിക്കോട് : വെള്ളിമാട്കുന്ന് ബാലികാ മന്ദിരത്തില്‍നിന്നും ഒളിച്ചുകടന്ന പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ഇന്ന് പോലീസ് അപേക്ഷ നല്‍കിയേക്കും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാകും അപേക്ഷ നല്‍കുക. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റിലായ പ്രതികള്‍ രണ്ടുപേരും നിലവില്‍ റിമാന്‍ഡിലാണ്. യുവാക്കള്‍ നിരപരാധികളാണെന്ന പെണ്‍കുട്ടികളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ബാലാവകാശ കമ്മീഷനും കുട്ടികളില്‍നിന്നും ഉടന്‍ മൊഴിയെടുക്കും. ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികള്‍ മടിവാള പോലീസിന് മൊഴി നല്‍കിയിരുന്നു. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ ശ്രമം നടത്തിയതെന്ന് കുട്ടികള്‍ മൊഴിനല്‍കിയിരുന്നു.