തിരുവനന്തപുരം : കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ നിയനമത്തില്‍ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും. കണ്ണൂര്‍ വൈസ് ചാന്‍സിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കണമെന്നാവശ്യപ്പെട്ട മന്ത്രി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത് ചട്ടലംഘനവും സ്വജപക്ഷപതാവുമെന്നാണ് ഹര്‍ജി. കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സിലര്‍ കൂടിയായ ഗര്‍ണറും തമ്മില്‍ നടത്തിയ കത്തിടപാടകളും എല്ലാ രേഖകളും ഹാജരാക്കന്‍ ലോകായുക്ത സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് രേഖകള്‍ ഹാജരാക്കുകയാണെങ്കില്‍ കേസ് ഫയലില്‍ സ്വീകരിക്കണമോയെന്നതില്‍ വാദം തുടങ്ങും. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ക്കു മുന്നില്‍ നിലനിക്കുമ്പോഴാണ് മന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്നത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ ലൈനായാണ് കേസ് ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്. അതേസമയം ഗവര്‍ണര്‍ക്ക് അയച്ച കത്തിനെ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമനം നടത്തിയത് പൂര്‍ണമായും ഗവര്‍ണറുടെ ഉത്തരവാദിത്തതിലാണെന്ന് ബിന്ദു വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. നിയമനകാര്യത്തില്‍ ഗവര്‍ണര്‍ക്ക് കത്തയക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടും മന്ത്രി തള്ളിയിരുന്നു. നടന്നത് സ്വാഭാവികമായ ആശയവിനിമയമാണെന്ന് മന്ത്രി വിശദീകരിക്കുന്നു. സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണറും, പ്രോചാന്‍സലര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തല്‍ സ്വാഭാവികമാണെന്നും ആര്‍ ബിന്ദു നിലപാട് വ്യക്തമാക്കിയിരുന്നു