ദില്ലി: മെഡിക്കല്‍ ഷോപ്പുകളില്‍ സുലഭമായി ലഭിക്കുന്ന വേദനസംഹാരിയായ മെഫ്താലിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. മെഫ്താല്‍ മനുഷ്യശരീരത്തില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുമെന്നുമാണ് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്റെ മുന്നറിയിപ്പ്.മെഫ്താലിലെ ഘടകമായ മെഫെനാമിക് ആസിഡ്, ഇസിനോഫീലിയ, ഡ്രസ് സിന്‍ഡ്രോം എന്നിവയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഡ്രസ് സിന്‍ഡ്രോം എന്നത് ചില മരുന്നുകള്‍ മൂലമുണ്ടാകുന്ന അലര്‍ജിയാണ്. മരുന്ന് കഴിച്ച് ചര്‍മ്മത്തില്‍ ചുണങ്ങ്, പനി, ലിംഫഡെനോപ്പതി എന്നിവ രണ്ടാഴ്ച മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ സംഭവിക്കാം.
മെഫ്താല്‍ ഉപയോഗിക്കുന്നവരിലെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ www.ipc.gov.in എന്ന വെബ്സൈറ്റിലെ ഫോം ഫില്‍ ചെയ്ത് അറിയിക്കണം. അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷനായ ADR PvPI വഴിയോ, PvPI ഹെല്‍പ്പലൈന്‍ നമ്പറായ 1800-180-3024 വിളിച്ച് അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കുന്ന മരുന്നാണ് മെഫ്താല്‍. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (ആമവാതം), ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് (സന്ധി വാതം), ഡിസ്മനോറിയ (ആര്‍ത്തവ വേദന), നേരിയ പനി, വീക്കം, തലവേദന, പല്ലുവേദന തുടങ്ങിയവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് മെഫ്താല്‍.