പത്തനംതിട്ട : മാര്‍ച്ച് പകുതിയോടെ എത്തിയിരുന്ന ശരാശരി താപനിലയില്‍ ഫെബ്രുവരിയുടെ തുടക്കം. രണ്ടാഴ്ചയായി കേരളത്തിലെ ശരാശരി പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിനടുത്ത്. കോട്ടയമാണ് രാജ്യത്തെ ചൂടന്‍ നഗരം. ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ (ഐഎംഡി) കണക്കുകളനുസരിച്ച് ഈ മാസം 6 വരെ ശരാശരി 34-35 ഡിഗ്രി സെല്‍ഷ്യസാണ് തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും ഉയര്‍ന്ന ചൂട് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 25 ഡിഗ്രി സെല്‍ഷ്യസ്. കോട്ടയത്ത് ഇത് 36, 23 എന്നിങ്ങനെയാണ്. കൊച്ചിയില്‍ കൂടിയ ചൂട് 32 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ ചൂട് 24 ഡിഗ്രി സെല്‍ഷ്യസുമാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ശരാശരി കൂടിയ ചൂട് 34-36ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞ ചൂട് 24 ഡിഗ്രി സെല്‍ഷ്യസും. വയനാട്ടില്‍ മാത്രമാണ് ചൂടിന് അല്‍പം ശമനം പ്രതീക്ഷിക്കുന്നത്. ഇവിടെ കൂടിയ ചൂട് 30 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 18 ഡിഗ്രി സെല്‍ഷ്യസുമാണ് പ്രതീക്ഷിക്കുന്നത്.
2020ല്‍ ഉയര്‍ന്ന പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസും തൊട്ടപ്പോള്‍ കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞവര്‍ഷവും കേരളത്തില്‍ മിക്കയിടത്തും പകല്‍ 34 ഡിഗ്രി സെല്‍ഷ്യസായിരുന്നു കൂടിയ ചൂട്. കേരളത്തില്‍ ഈ സമയത്തു ലഭിക്കേണ്ട മഴയുടെ അളവില്‍ 65%കുറവാണ് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് ഐഎംഡി) രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി 8.4 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് ജനുവരി മാസത്തില്‍ ലഭിച്ചത് വെറും 3 മില്ലി മീറ്റര്‍ മഴയാണ്.