കോഴിക്കോട്: സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയുടെ പരാതി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. മന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാണ് അദ്ദേഹത്തിന്റേത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലൂടെ ഇന്ത്യൻ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായി പറയുകയും മാറ്റത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. ‘കാതൽ’ സിനിമ സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവരുടെ ആന്തരികസംഘർഷങ്ങളും സമ്മർദങ്ങളും സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്ന കലാസൃഷ്ടിയാണ്. സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. പക്ഷേ, പിന്നീട് കോളേജ് യൂണിയൻ ഇടപെട്ട് പരിപാടി മാറ്റിവച്ചതായാണ് അറിയുന്നത്. ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ–സാമൂഹ്യനീതി മന്ത്രി എന്ന നിലയിൽ ഐക്യം പ്രഖ്യാപിക്കുന്നതായും മന്ത്രി വ്യക്തമാക്കി.