കോട്ടയം : മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോലജില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയമിടിപ്പും രക്ത സമ്മര്‍ദവും സാധാരണ ഗതിയില്‍ ആയി.ഇന്നലെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് സുരേഷിന്റെ ചികിത്സ. കോട്ടയം കുറിച്ചി നീലംപേരൂര്‍ വെച്ചായിരുന്നു ഇന്നലെ വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് വാവാ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാര്‍ജ്ജായിവീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.