ജയ്പുരില്‍: നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ രാജസ്ഥാനില്‍ ബിജെപിക്കുള്ളില്‍ പ്രതിസന്ധികളെന്ന് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിൽ വസുന്ധര ക്യാമ്പ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. തന്‍റെ മകൻ ലളിത് മീണയടക്കം അഞ്ച് പേരെ റിസോർട്ടിലേക്ക് മാറ്റിയെന്ന് മുൻ എംഎല്‍എ ഹേംരാജ് മീണ പറഞ്ഞു. അതിനിടെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഞായർ വരെ കാത്തിരിക്കണമെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ പറഞ്ഞു.പ്രഗത്ഭർ തന്നെ മുഖ്യമന്ത്രിമാരായെത്തുമെന്നും വിജയവർഗിയ പറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്നതിന് സമാനമായി രാജസ്ഥാനില്‍ മറ്റൊരു യോഗിയുടെ ഉദയമുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാജസ്ഥാന്‍ രാഷ്ട്രീയം. മഹന്ത് ബാലക് നാഥിന്‍റെ വിജയവും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അടക്കം പറച്ചിലുമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.
നിർണായക നിയമസഭാ തെരഞ്ഞെടുപ്പിൽ തിജാരയില്‍ കോൺഗ്രസിന്റെ ഇമ്രാൻ ഖാനെ ബിജെപി ലോക്‌സഭാ എംപി ബാലക് നാഥ് തോല്‍പ്പിച്ചത്. കടുത്ത പോരാട്ടത്തിനൊടുവില്‍ 6000 വോട്ടിനായിരുന്നു ബാലക് നാഥിന്‍റെ വിജയം. വിവാദ പരാമർശങ്ങൾക്ക് പേരുകേട്ട ബാലക് നാഥ്, തിജാരയിൽ ഇമ്രാൻ ഖാനെതിരെയുള്ള മത്സരത്തെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം എന്നാണ് വിശേഷിപ്പിച്ചത്. ഡിസംബർ ഒന്നിന് പുറത്തിറങ്ങിയ ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ സർവേയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബാലക് നാഥിനായിരുന്നു കൂടുതല്‍ വോട്ട്.
സർവേയിൽ പങ്കെടുത്തവരിൽ 10% പേരും ബാലക് നാഥിനെ അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. രാജസ്ഥാനിലെ യോഗി ആദിത്യനാഥായിട്ടാണ് സ്വയം ചിത്രീകരിച്ചിരിക്കുന്നത്. ബാലക് നാഥിനെ കൂടാതെ രാജസ്ഥാനിൽ വസുന്ധരരാജെ സിന്ധ്യ, ഗജേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകളും ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.