ദില്ലി : ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ കരുതല്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വകയിരുപ്പില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഒഷധ നിര്‍മാണ മേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍, മരുന്ന് ഗവേഷണത്തിന് കൂടുതല്‍ പ്രോത്സാഹനം എന്ന സാധ്യതയും മുന്നില്‍ കാണുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ 18 ശതമാനമാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. ആധായ നികുതി വകുപ്പിലെ 80 ഡി പ്രകാരമുള്ള ഇളവ് ഒന്നര ലക്ഷമാക്കിയേക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. കൊവിഡ് ബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നികുതി ഇളവുകള്‍ ഉണ്ടായേക്കും. ഇതിന് പുറമെ വാക്സിനേഷന് വേഗത്തിലാക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും.
കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഉറ്റുനോക്കുകയാണ് രാജ്യം. എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നാണ് പുറത്ത് വരുന്ന സൂചന. നിലവില്‍ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 51 ശതമാനത്തിന് മാത്രമേ പരിരക്ഷയുള്ളൂ. എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ കൂടുതല്‍ നിക്ഷേപം സമാഹരിക്കാനാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. സഹകരണ ബാങ്കുകളിലും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് ഒരുലക്ഷം രൂപയില്‍ നിന്ന് അടുത്തിടെ അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ആദായ നികുതി പരിധി വര്‍ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ആദായ നികുതി പരിധി വര്‍ധിപ്പിക്കുന്നതടക്കം മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എല്ലാ ആദായ നികുതി സ്ലാബുകളിലെയും പരിധി അന്‍പതിനായിരം രൂപ വരെയെങ്കിലും ഉയര്‍ത്തിയേക്കും.
രാജ്യം കൊവിഡ് പിടിയില്‍ അമര്‍ന്നതോടെ കൂടുതല്‍ മേഖലകള്‍ പരമാവധി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ വര്‍ക്ക് അറ്റ് ഹോം അലവന്‍സും പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്റര്‍നെറ്റ് , വൈദ്യുതി ചാര്‍ജ് തുടങ്ങിയവക്ക് നികുതി ഇളവ് നല്‍കുന്നതാണ് വര്‍ക്ക് അറ്റ് ഹോം അലവന്‍സ്. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും.