ഝാൻസി: ഝാൻസി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണും കാൽവിരലുകളും എലി കരണ്ടു. സംഭവത്തെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു. സംഭവത്തിൽ വീഴ്ച വന്നെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ താമസിക്കുന്ന സഞ്ജയ് ജെയിൻ (40) എന്നയാളുടെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചത്. ദിവസങ്ങൾക്ക് മുമ്പ് വിഷം കഴിച്ച നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി സഞ്ജയ് മരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു. മരിച്ചയാളുടെ ബന്ധുക്കൾ മൃതദേഹം എടുക്കാൻ പോയപ്പോഴാണ് കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും കാലിന്റെ ഒരു ഭാഗം എലികൾ കടിച്ചുകീറിയതായും കണ്ടത്.
പിന്നാലെ, കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെ മനുഷ്യത്വരഹിതമാണെന്നാണ് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രദീപ് ജെയിൻ വിശേഷിപ്പിച്ചത്. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഡീപ് ഫ്രീസറുകളിൽ മൃതദേഹങ്ങൾ സൂക്ഷിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നുവെന്നും വിഷയം ഗൗരവമായി അന്വേഷിക്കാൻ ചീഫ് മെഡിക്കൽ സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരായാലും കുറ്റക്കാരെ കണ്ടെത്തുമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. നരേന്ദ്ര സിംഗ് സെൻഗർ പറഞ്ഞു.