ദില്ലി: പുറത്താക്കിയ നടപടിയിൽ നിയമനടപടിക്കൊരുങ്ങി തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്ര. പുറത്താക്കിയ നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെയോ സുപ്രീം കോടതിയേയോ സമീപിക്കാനാണ് മഹുവയുടെ നീക്കം. വിഷയത്തിൽ നിയമവിദഗ്ധരുമായി ചർച്ച നടത്തി. അതേ സമയം മഹുവയുടെ പുറത്താക്കൽ നടപടി പ്രചാരണ വിഷയമാക്കാനുളള ഒരുക്കത്തിലാണ് തൃണമൂൽ. ലോക് സഭ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കും.പുറത്താക്കൽ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് തൃണമൂൽ കോൺഗ്രസിലും ഇന്ത്യ സഖ്യത്തിലെ പാർട്ടികളിലും അഭിപ്രായമുണ്ട്. വിഷയത്തിൽ മഹുവക്ക് ഉറച്ച പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കി. പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും മഹുവയുടെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നും ആണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. ഇത് അടക്കം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.