പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളിലും ഇത്തരത്തില്‍ പ്രായം മാറ്റങ്ങള്‍ വരുത്തും. ഇതിന്‍റെ ഭാഗമായാണ് പ്രായമായവരില്‍ ഓര്‍മ്മക്കുറവ് കാണുന്നത്. ഇങ്ങനെ പ്രായാധിക്യം മൂലം ഓര്‍മ്മക്കുറവുണ്ടാകുന്നതിനെ തടയിടാൻ നമുക്ക് കാര്യമായി ഒന്നും ചെയ്യാവുന്നതല്ല. എങ്കിലും പ്രായം കൂടുന്നത് ഓര്‍മ്മശക്തിയെ ബാധിക്കാതിരിക്കാൻ ചില കാര്യങ്ങളെല്ലാം നമുക്ക് നേരത്തെ ചെയ്യാം. ജീവിതരീതികള്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണിതെല്ലാം. ഇവയെ കുറിച്ച് മനസിലാക്കാം.
- ഒന്ന്…
- ബുദ്ധിയെ സജീവമാക്കി നിര്‍ത്തുംവിധത്തിലുള്ള ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പതിവായി ഏര്‍പ്പെടുക. പസില്‍സ്, ഗെയിമുകള്‍, വായന, പഠനം, പുതിയ കഴിവുകള്‍ പഠിച്ചെടുക്കുക, പരിശീലിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ചെയ്യുക.
- രണ്ട്…
- എല്ലാത്തിനോടും ആകാംക്ഷയോ കൗതുകമോ വച്ചുപുലര്‍ത്തുന്ന മനോഭാവവും സ്ഥിരമായ പഠനത്തിനുള്ള മനസും സൂക്ഷിക്കാം. ഈയൊരു സവിശേഷത സ്വഭാവത്തില്‍ ഉള്ളവരില്‍ ഓര്‍മ്മക്കുറവ് വളരെ വൈകി മാത്രം വരുന്ന മാറ്റമായിരിക്കും.
- മൂന്ന്…
- പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനൊപ്പം തന്നെ പുതിയ അനുഭവങ്ങളിലേക്ക് കടന്നുചെല്ലാനുള്ള മനസും പ്രായാധിക്യം ഓര്‍മ്മയെ ബാധിക്കാതിരിക്കാൻ ചെയ്യാവുന്ന കാര്യമാണ്. ഇതും ചിലരുടെ വ്യക്തിത്വത്തിലുള്ള സവിശേഷതയാകാറുണ്ട്.
- നാല്…
- ഹെല്‍ത്തിയായ ജീവിതരീതികള്‍ പകര്‍ത്തുന്നതിന് ചിലര്‍ക്ക് മനസുണ്ടാകും. ചിട്ട, ഉത്തരവാദിത്തബോധം എന്നിവയെല്ലാം ഇവരില്‍ കാണാം. ഭക്ഷണം, ഉറക്കം, ജോലി, വിശ്രമം, വ്യായാമം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ജീവിതത്തിലുള്‍പ്പെടുത്തുന്ന രീതിയെന്ന് പറയാം.
- അഞ്ച്…
- സാമൂഹികബന്ധങ്ങള്‍, ആരോഗ്യകരമായ സാമൂഹിജീവിതം, ആരോഗ്യകരമായ സൗഹൃദങ്ങള്‍ എന്നിവയും തലച്ചോറിന്‍റെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കാറുണ്ട്. ഇവയും പ്രായം ഓര്‍മ്മയെ ബാധിക്കാതിരിക്കാൻ സഹായിക്കും.
- ആറ്…
- ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ്, ഏത് പ്രതികൂലാന്തരീക്ഷത്തോടും പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയുള്ളവരിലും പ്രായം ഓര്‍മ്മയെ ബാധിക്കുന്നതിനെ പരമാവധി നീക്കിവയ്ക്കാനാകും. അതിനാല്‍ തന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന മനോഭാവവും വളരെ പ്രധാനമാണ്.
- ഏഴ്…
- വൈകാരികമായി പെട്ടെന്ന് പ്രശ്നത്തിലാകാത്ത, കാര്യമായ മാനസികാരോഗ്യപ്രശ്നങ്ങള്‍ അലട്ടാത്ത- ആളുകളിലും പ്രായം ഓര്‍മ്മയെ ബാധിക്കുന്നത് കുറവായി കാണാറുണ്ട്. ഇക്കാരണം കൊണ്ടെല്ലാം മാനസികാരോഗ്യത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് നാം മുന്നോട്ട് പോകേണ്ടതുണ്ട്.
- എട്ട്…
- ജീവിതരീതികളുടെ കാര്യം പറയുമ്പോള്‍ ഭക്ഷണത്തെ കുറിച്ച് എടുത്ത് പറയേണ്ടതില്ല. ആരോഗ്യകരമായ- ബാലൻസ്ഡ് ആയ ഭക്ഷണരീതി പിന്തുടരേണ്ടത് തലച്ചോറിന്‍റെ ആരോഗ്യത്തിലും പ്രധാനമാണ്. അതുപോലെ തന്നെ വ്യായാമവും നിര്‍ബന്ധമാണ്.