ദില്ലി: സാമൂഹിക മാധ്യമ പ്രചാരണത്തിൽ കേരളത്തിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. കൂടുതൽ പ്രൊഫഷണലായ സംഘത്തെ ചുമതലയേൽപിച്ചേക്കും. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ പരസ്യമായി വിമർശിച്ചിരുന്നു. കേരളത്തിൽ വർഷത്തിൽ നൂറുകണക്കിന് യോഗങ്ങളിൽ പങ്കെടുക്കുന്ന ഞാൻ തമിഴ്നാട്ടിൽ ഒറ്റത്തവണ പോയപ്പോൾ തമിഴ്നാട് ബിജെപിയുടെ പ്രവർത്തനങ്ങളിലും സമൂഹമാധ്യമ പ്രചാരണത്തിലും വ്യത്യസ്തതയുടെ ഒരു ലോകം കണ്ടെന്നായിരുന്നു കേരളത്തിന്റെ സഹ പ്രഭാരിയും ദേശീയ ജനറൽ സെക്രട്ടറിയുമായ രാധാമോഹൻദാസ് അഗർവാളിന്റെ ട്വീറ്റ്.
മലയാളത്തിലും തമിഴിലുമുള്ള ട്വീറ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു. പിന്നാലെയാണ് കേരളത്തിൽ സമൂഹമാധ്യമ പ്രചാരണത്തിന്റെ ചുമതലകളിൽ കാര്യമായ അഴിച്ചുപണിക്ക് ദേശീയ നേതൃത്ത്വം ഒരുങ്ങുന്നുവെന്ന വിവരങ്ങൾ പുറത്തുവരുന്നത്. കേരളത്തിൽ സംഘടന സമൂഹമാധ്യമ പ്രചാരണത്തിൽ കാര്യമായി പിന്നോട്ട് പോയെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ട്വിറ്ററിൽ ഏറ്റവും കുറവ് ഫോളോവേഴ്സ് ബിജെപി കേരളം ടിറ്റർ അക്കൗണ്ടിനാണ്. ഫേസ്ബുക്കിൽ തെലങ്കാനയുടെയും കേരളത്തിന്റെയും അക്കൗണ്ടുകൾ മാത്രമാണ് ഒരു മില്യണിൽ താഴെയുള്ളത്. പാർട്ടിക്കെതിരായ ആക്രമണങ്ങളെ ചെറുക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.
ബിജെപിയുടെ ദേശീയ ഐടി സെല്ലിന്റെ ചുമതല കൂടിയുള്ള രാധാ മോഹൻദാസ് അഗർവാൾ ഇത് സംബന്ധിച്ച് ദേശീയ നേതൃത്ത്വത്തിന് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടിക്കൊരുങ്ങുന്നത്. കൂടുതൽ പ്രൊഫഷണലായ സംഘത്തെ ചുമതലയേൽപിക്കാനും, ടാർഗറ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും നേതൃത്ത്വം നിർദേശിച്ചേക്കും. അതേസമയം അഗർവാളിന്റെ പരസ്യ പ്രസ്താവനയിൽ കേരള ഘടകം കടുത്ത അമർഷത്തിലാണ്. ദില്ലിയിലെത്തിയ കെ സുരേന്ദ്രൻ സംഘടന ചുമതലയുള്ള ജന സെക്രട്ടറി ബി.എൽ. സന്തോഷിനെ നേരിട്ട് അതൃപ്തിയറിയിച്ചെന്നാണ് വിവരം.