ലഖ്നൗ: വൈദ്യുതി ബിൽ കുടിശ്ശിക പരിധി കടന്നതോടെ അന്വേഷിക്കാനെത്തിയ ജീവനക്കാർക്ക് നേരെ വളർത്തുപട്ടിയെ അഴിച്ചുവിട്ട് കുടുംബം. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലാണ് സംഭവം. വളർത്തുനായ്‌ക്കളെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർക്കു നേരെ അഴിച്ചുവിട്ടതിനെത്തുടർന്ന് സംഘർഷമുണ്ടായി. പശ്ചിമാഞ്ചൽ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിന്റെ (PVVNL)ജീവനക്കാർക്കു നേരെയാണ് നഗരത്തിലെ ഗ്യാൻ ലോക് കോളനിയിലെ രാജേന്ദ്ര ചൗധരി പട്ടികളെ അഴിച്ചുവിട്ടത്.
3 ലക്ഷം രൂപയിലധികം വരുന്ന ബിൽ കുടിശ്ശിക അന്വേഷിക്കാനെത്തിയതാണ് ജീവനക്കാർ. ജൂനിയർ എഞ്ചിനീയർ ജ്യോതി ഭാസ്‌കർ സിൻഹ, സബ് ഡിവിഷണൽ ഓഫീസർ റീന, ജീവനക്കാരായ സുധീർ കുമാർ, മുഹമ്മദ് ഇഖ്ബാൽ, ഡ്രൈവർ മുഹമ്മദ് ഇർഷാദ് എന്നിവരെയാണ് പട്ടി ഓടിച്ചത്. രാജേന്ദ്ര ചൗധരിയും ഭാര്യയും മകനും സുഹൃത്തും ജീവനക്കാരെ മർദിക്കുകയും ചെയ്തു. തുടർന്ന് ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ എന്നിവയെ അഴിച്ചുവിട്ടു. തോക്കെടുത്ത് ഭീഷണിപ്പെടുത്തിയതായും ആരോപണമുയർന്നു. നായ്ക്കളുടെ ആക്രമണത്തിലും വടികൊണ്ടുള്ള അടിയിലും ജൂനിയർ എഞ്ചിനീയർ സിൻഹയ്ക്ക് പരിക്കേറ്റു. സിൻഹയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹപ്രവർത്തകർക്കും പരിക്കേറ്റു.
3.57 ലക്ഷം രൂപ കുടിശ്ശിക നൽകാൻ ഞങ്ങൾ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നാൽ കുടുംബം ഞങ്ങളെ അധിക്ഷേപിച്ചു. തുടർന്ന് വാക്കുതർക്കമായി. അതിനിടെ കുടുംബം വളർത്തുനായ്ക്കളെ ഞങ്ങൾക്കുനേരെ അഴിച്ചുവിട്ടു. അടിക്കുകയം കൈയിൽ കടിക്കുകയും ചെയ്തു. ഞാൻ വീണപ്പോൾ, വീട്ടുകാർ എന്നെ വടിയും ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചെന്നും കയ്യിൽ തോക്കുമായി അവർ ഞങ്ങളെ പിന്തുടർന്നെന്നും സിൻഹ പറഞ്ഞു. ഇവർക്കെതിരെ ബുലന്ദ്ഷഹർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.