തിരുവനന്തപുരം: വിദേശമന്ത്രലയത്തിലെ ഹമാസ് ചോദ്യം തർക്കത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. പാർലമെന്റിലെ മറുപടി തന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി.വിദേശകാര്യ മന്ത്രാലയം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. മീനാക്ഷി ലേഖിയുടെ പരാതി സംബന്ധിച്ചറിയില്ല. ഹമാസ് വിഷയത്തിലെ കേന്ദ്രനിലപാട് വരും ദിവസങ്ങളിൽ എല്ലാവർക്കും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് നീക്കമുണ്ടോയെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തോട് പാര്‍ലമെന്‍റില്‍ ഉന്നയിക്കപ്പെട്ട ചോദ്യം.
കെ സുധാകരൻ എംപിയാണ് ചോദ്യം ഉന്നയിച്ചത്. ഇതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരിലാണ് സുധാകരന് മറുപടി ലഭിച്ചത്. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയില്‍ വരുന്നതാണെന്നും ബന്ധപ്പെട്ട മന്ത്രാലയമാണ് അത് നിർവഹിക്കേണ്ടതെന്നുമായിരുന്നു മറുപടി. ഇത് ചർച്ചയായതോടെ താൻ അങ്ങനെ ഒരു മറുപടി നല്‍കിയിട്ടില്ലെന്ന് മീനാക്ഷി ലേഖി സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചു. പിന്നാലെ വിദേശകാര്യ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയംപെടുത്തിയതായും അവർ പറഞ്ഞു.ഈ സാഹചര്യത്തിലാണ് വി.മുരളീധരന്‍റെ പ്രതികരണം.