കുടക് > കർണാടക കുടകിലെ റിസോർട്ടിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
വിനോദും ഭാര്യ ജിബിയും തൂങ്ങി മരിച്ച നിലയിലും മകളെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് കരുതുന്നത്. മരണത്തിൽ മറ്റാരും ഉത്തരവാദികളല്ല എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ കുടകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും മടിക്കേരി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് കുടുംബം റിസോർട്ടിലെത്തി കോട്ടേജ് ബുക്ക് ചെയ്യുന്നത്. ശനിയാഴ്ച 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്നാണ് ഇവർ പറഞ്ഞിരുന്നത്. 10 മണി കഴിഞ്ഞിട്ടും പുറത്ത് കാണാത്തതിനെത്തുടർന്ന് ജീവനക്കാർ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. 30 മിനിറ്റിന് ശേഷം വീണ്ടും വിളിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സംശയം തോന്നിയ ജീവനക്കാർ ജനാല വഴി നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് മടിക്കേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലത്ത് ബിസിനസ് നടത്തുകയാണ് വിനോദ്.